Assetcycles

About cyclical movement in Assets

നിക്ഷേപം തുടങ്ങുന്ന ഒരു വ്യക്തി ആദ്യം മനസ്സിലാക്കേണ്ടത് എന്താണ്? ബാങ്ക് നൽകുന്ന കുറഞ്ഞ പലിശയെക്കാൾ മെച്ചപ്പെട്ട അവസരം എങ്ങനെ കണ്ടെത്താം?വിവിധ ആസ്തികളിലെ വലിയ വില വ്യതിയാനങ്ങൾ നൽകുന്ന സാധ്യത ഉപയോഗിക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം.ഓഹരിവിപണി, റിയൽ എസ്റ്റേറ്റ്, സ്വർണം, വെള്ളി എന്നിവയുടെ പൂർവകാലചരിത്രം പരിശോധിച്ചാൽ ചാക്രികമായ ഉയർച്ചതാഴ്ചകൾ നമുക്ക് ദർശിക്കാനാവും.ലോകത്തിന്റെ ആഭ്യന്തര, സാമ്പത്തിക ഘടകങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അടിസ്ഥാനമാക്കി നിക്ഷേപ ഉപാധികളുടെ മൂല്യത്തിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാറുണ്ട്. ഓഹരിവിപണിയിൽ നാം കണ്ടുവരുന്നതുപോലെ മൂല്യം ഉയരുന്ന ഘട്ടം, കൺസോളിഡേഷൻ, വില ഇടിയുന്ന ഘട്ടം എന്നിവ ഓരോ ആസ്തി വിഭാഗത്തിലും കണ്ടുവരുന്നു. ഇങ്ങനെയുള്ള ചാക്രിക ചലനത്തിന്റെ ഗതി തിരിച്ചറിഞ്ഞു നിക്ഷേപിക്കാൻ കഴിയുന്ന വ്യക്തികൾക്ക് മാത്രമേ മധ്യ കാലത്തിൽ മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയൂ.

നേട്ടത്തിന്റെ വഴികൾ

----------------------------------

1947 കാലഘട്ടത്തിൽ 10 ഗ്രാം (24 കാരറ്റ്) സ്വർണ്ണത്തിനു ഏകദേശം 89 രൂപ ആയിരുന്നു വില. 74 വർഷങ്ങൾക്കിപ്പുറം 2021ൽ ഇതേ അളവ് സ്വർണ്ണത്തിനു ഏകദേശം 49800 രൂപക്കടുത്താണ് മൂല്യം. ഈ കാലയളവിൽ ഒൻപതു ശതമാനത്തിനടുത്ത് CAGR ആണ് സ്വർണ്ണം നിക്ഷേപകർക്ക് നൽകിയത്. 1972-73 കാലഘട്ടത്തിൽ ഒരു കിലോ വെള്ളിയുടെ വില ഏകദേശം 560 രൂപ ആയിരുന്നത് 48 വർഷങ്ങൾക്കിപ്പുറം 2021ൽ 73000 രൂപയിൽ എത്തി നിൽക്കുന്നു. 10.5 ശതമാനം CAGR ആണ് വെള്ളി നൽകിയത്. ഓഹരിവിപണിയുടെ കാര്യമെടുത്താൽ 1978-79 ബേസ് പിരീഡ് ആയി 100 പോയിന്റിൽ സ്റ്റാർട്ട് ചെയ്ത സെൻസെക്സ് 2021 ൽ ട്രേഡ് ചെയ്യപ്പെടുന്നത് 49000ന് മുകളിലാണ്.

എൺപതുകൾക്ക് ശേഷം

------------------------------------

1980കളിൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല കാര്യമായ ചലനങ്ങൾ ഇല്ലാത്ത സ്ഥിതിയിൽ ആയിരുന്നു. 1947 ൽ സ്വാതന്ത്ര്യം കിട്ടിയെങ്കിലും സാമ്പത്തികമായി വളരെ പിന്നിലായിരുന്നു ഈ ഒരു കാലഘട്ടത്തിൽ ഇന്ത്യ. എൺപതുകളുടെ അവസാനത്തിലും, 1990ന്റെ ആദ്യഭാഗത്തും എത്തിയപ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തികനില ഒരു പരിധിവരെ മെച്ചപ്പെട്ടു. 1980 മുതൽ 1990 വരെയുള്ള കാലയളവിൽ സ്വർണവില 1500 നിലവാരത്തിൽ നിന്ന് ഇരട്ടിയിലധികം വർധിച്ചു 3400 രൂപയോളമായി ഉയരുകയുണ്ടായി. വെള്ളി ആകട്ടെ കിലോക്ക് 2600 രൂപ നിലവാരത്തിൽ നിന്ന് 6800ലേക്കാണ് ഉയർന്നത്.

മുന്നേറ്റവും വീഴ്ചയും

------------------------------

1990കളിലാണ് ഇന്ത്യൻ ഓഹരിവിപണിയിൽ വലിയൊരു ബുൾ മാർക്കറ്റ് ഉണ്ടായത്. 1990ന്റെ തുടക്കത്തിൽ 700 പോയിന്റിൽ ട്രേഡ് ചെയ്യപ്പെട്ടിരുന്ന സെൻസെക്സ് 1992 ആയപ്പോഴേക്കും 4500 പോയിന്റിലേക്കാണ് ഉയർന്നത്. ആ സമയത്താണ് ഹർഷദ് മേത്ത മാർക്കറ്റിനെ അടക്കി വാണിരുന്നത്. ഈ ബുൾ മാർക്കെറ്റിൽ അനേകം ആളുകൾ വലിയ നേട്ടം ഉണ്ടാക്കുകയും ആ പണം വലിയ അളവിൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് എത്തുകയും ചെയ്തു. ആ ഒരു കാലഘട്ടത്തിൽ റിയൽ എസ്റ്റേറ്റ് സെക്ടർ 10 ശതമാനത്തിനു മുകളിൽ വാർഷിക നിരക്കിലാണ് ഉയർന്നത്. തുടർന്നുണ്ടായ ഹർഷദ് മേത്ത സ്കാമിൽ പെട്ട് ഓഹരിവിപണി അൻപത് ശതമാനത്തോളം ഇടിയുകയുണ്ടായി. ഓഹരിവിപണിയിൽ വലിയ നഷ്ടം നേരിട്ടപ്പോൾ അത് റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രതിഫലിക്കുകയും ഈ മേഖലയിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നാല്പതു ശതമാനത്തോളം ഇടിവ് ഉണ്ടാവുകയും ചെയ്തു. 

1992ൽ വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യൻ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നതിനുള്ള നടപടികൾ ലഘൂകരിച്ചതിന്റെ ഫലമായി ഈ മേഖലയിൽ നല്ലൊരു ഉയർച്ച ദൃശ്യമാവുകയുണ്ടായി. 1995 ൽ ഉണ്ടായ എമേർജിങ് മാർക്കറ്റ് ക്രൈസിസിൻറെ ഫലമായി വീണ്ടും റിയൽ എസ്റ്റേറ്റ് മേഖല ഒരു മാന്ദ്യം നേരിടുന്ന അവസ്ഥ ഉണ്ടായി.ഓഹരിവിപണിയും റിയൽ എസ്റ്റേറ്റും നഷ്ടം നേരിട്ട ഈ സമയത്തും സ്വർണ്ണം, വെള്ളി വിലകൾ ഉയരുകയാണ് ചെയ്തത്. 1991- 96 കാലയളവിൽ സ്വർണവില നാലായിരത്തി ഇരുന്നൂറിൽ നിന്ന് അയ്യായിരത്തോളമായി ഉയരുകയും വെള്ളിവില ആറായിരത്തി എഴുന്നൂറ്‌ നിലവാരത്തിൽ നിന്ന് ഏഴായിരത്തി എഴുന്നൂറിലേക്കു കയറുകയും ചെയ്തു. 1997 മുതൽ 2000 വരെയുള്ള കാലയളവിൽ സ്വർണം, വെള്ളി വിലകൾ കാര്യമായ ചലനങ്ങൾ ഇല്ലാതെ ഒരു കൺസോളിഡേഷൻ ഘട്ടത്തിൽ ആയിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലും കാര്യമായ ചലനങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. 1990ന്റെ തുടക്കത്തിൽ വില ഉയരാൻ ആരംഭിക്കുകയും 1995 ഓടെ ഉയർന്ന നിലയിൽ എത്തുകയും തുടർന്ന് ഇടിവിനെ നേരിട്ടുകൊണ്ട് രണ്ടായിരാമാണ്ട് വരെ ഒരു കൺസോളിഡേഷൻ അവസ്ഥയിൽ ആവുകയും ചെയ്ത ഒരു റിയൽ എസ്റ്റേറ്റ് സൈക്കിൾ ആണ് ഇവിടെ നാം വീക്ഷിച്ചത്.

രണ്ടായിരാമാണ്ട്

-------------------------------

പിന്നീട് രണ്ടായിരാമാണ്ടിലാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ ഒരു ഉയർച്ച ഉണ്ടാകുന്നത്. വിദ്യാസമ്പന്നരായ യുവാക്കൾക്കു മികച്ച തൊഴിലവസരങ്ങൾ ലഭിച്ചതും IT മേഖലയുടെ ഉയർച്ചയും ഒക്കെ ചേർന്ന് ആളുകൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന സ്ഥിതി വന്നു. ഇത്തരക്കാർക്ക് ഉയർന്ന തുക വായ്പയായി നല്കാൻ ബാങ്കുകൾ തയ്യാറാവുകയും കൂടി ചെയ്തതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ ഉണർവ് ആണ് ഉണ്ടായത്. 15 ശതമാനത്തോളം നിരക്കിലാണ് തുടർന്നുള്ള വർഷങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖല ഉയർച്ച പ്രാപിച്ചത്. രണ്ടായിരത്തി മൂന്നു മുതൽ രണ്ടായിരത്തി എട്ടു വരെയുള്ള കാലയളവിൽ ഓഹരിവിപണിയും ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. 2005 ൽ ഗവണ്മെന്റ് കൺസ്ട്രക്ഷൻ, ഡെവലപ്മെന്റ് പ്രൊജെക്ടുകൾക്കു നൂറു ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അനുവദിക്കുകയുണ്ടായി. 2005-ൽ നിലവിൽവന്ന സ്പെഷ്യൽ എക്കണോമിക് സോൺ ആക്റ്റും അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് വലിയ നിക്ഷേപങ്ങൾ എത്തുന്നതിനു വഴി തെളിച്ച ജവഹർലാൽ നെഹ്‌റു അർബൻ റിന്യൂവൽ മിഷനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉയരത്തിലേക്ക് നയിച്ചു. ഈ കാലഘട്ടത്തിൽ സെൻസെക്സ് 3000 ലെവലിൽ നിന്ന് 20000 ലെവലിലേക്കാണ് ഉയർന്നത്.

മാന്ദ്യവും നിക്ഷേപങ്ങളും

---------------------------------------

2008 ആയപ്പോഴേക്കും അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തയും, അമേരിക്കയിലെ സബ് പ്രൈം ക്രൈസിസ് ഉണ്ടാക്കിയ നഷ്ടങ്ങളും പുറത്തുവന്നതോടെ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഒരു തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.സെൻസെക്സ് ആകട്ടെ ഈ സമയത്തു 20000-ൽ നിന്ന് 7000-നു താഴേക്കു പതിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. യു. എസ്സിലെ ലിക്വിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ 2009 മുതൽ റിയൽ എസ്റ്റേറ്റ് മേഖലയും ഒപ്പം ഓഹരിവിപണിയും മികച്ച തിരിച്ചുവരവ് നടത്തുകയുണ്ടായി. 2001-2010 കാലയളവിൽ സ്വർണ്ണവില 10 ഗ്രാമിന് 4500 രൂപയിൽ നിന്ന് 3 ഇരട്ടിയിലധികമായി ഉയർന്ന് 15000 നിലവാരത്തിലേക്ക് എത്തുകയുണ്ടായി. 

ഈ കാലയളവിൽ വെള്ളിയുടെ വില കിലോഗ്രാമിന് 7800 രൂപയിൽ നിന്ന് 25000 രൂപയ്ക്കു മുകളിലേക്കാണ് ഉയർന്നത്.2010 മുതൽ 2013 വരെയുള്ള കാലയളവുകൊണ്ടു 15000 നിലവാരത്തിൽ നിന്ന് 30000 ലേക്ക് കുതിച്ച സ്വർണ്ണവില പിന്നീടുള്ള ഏതാനും വർഷം തകർച്ചയെ നേരിടുന്നതാണ് നാം കണ്ടത്. വെള്ളിയുടെ വിലയാകട്ടെ ഈ കാലയളവിൽ 25000 ൽ നിന്ന് 57000 ലേക്കാണ് ഉയർച്ച പ്രാപിച്ചത്. 2013 മുതൽ 2015-16 വരെയുള്ള കാലഘട്ടം സ്വർണ്ണത്തെയും വെള്ളിയെയും സംബന്ധിച്ചിടത്തോളം താഴ്ചയുടെ സമയമായിരുന്നു. സ്വർണ്ണം 30000 ൽ നിന്ന് 26000 നിലവാരത്തിലേക്കും വെള്ളി കിലോക്ക് 57000ൽ നിന്ന് 36000 ലെവലിലേക്കും ഇടിയുകയുണ്ടായി.

റിയൽ എസ്റ്റേറ്റ്

-------------------------- 

2016-17 കാലഘട്ടത്തിലാണ് വീണ്ടുമൊരു വലിയ പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖലയെ ആക്രമിക്കുന്നത്. ഇത്തവണ 3 വെല്ലുവിളികളാണ് ഈ മേഖലയെ കാത്തിരുന്നത്. നോട്ടു നിരോധനം, ചരക്കു സേവന നികുതിയുടെ (GST) ആവിർഭാവം, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കടന്നുവരവ് എന്നിവയായിരുന്നു അവ. ഇവ മൂന്നും ഒരുമിച്ചെത്തിയപ്പോൾ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഒരു ഇടിവിനെ നേരിടുന്ന അവസ്ഥയാണ് നാം കണ്ടത്. തുടർന്ന് ഈ പ്രതിസന്ധികളെയെല്ലാം ഒരു പരിധി വരെ അതിജീവിച്ചു പൂർവസ്ഥിതിയിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുമ്പോഴാണ് 2020-ലെ കോവിഡ് പ്രതിസന്ധി കടന്നുവരുന്നത്. ബിസിനസ് മേഖലയെയും റിയൽ എസ്റ്റേറ്റ് മേഖലയെയും ഓഹരിവിപണിയെയും എല്ലാം കാര്യമായി ബാധിച്ച ഒരു സംഭവവികാസമായിരുന്നു അത്.2010 മുതൽ 2020 വരെയുള്ള 10 വർഷക്കാലം റിയൽ എസ്റ്റേറ്റ് മേഖല 11.6 ശതമാനം വാർഷിക റിട്ടേൺ നൽകി എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോം പ്രൈസ് ഇൻഡക്സ് സൂചിപ്പിക്കുന്നത്. 10 പ്രധാന പട്ടണങ്ങളിലെ ഭവനവിലകളാണ് ഇത് ട്രാക്ക് ചെയ്യുന്നത്.

പുതിയ അവസരങ്ങൾ

-----------------------------------

അന്താരാഷ്ട്ര സ്വർണ്ണവില FY2021 ൽ 24.7% YoY വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി ഉയർത്തിയ ഭീതി ആളുകളെ കൂടുതൽ സുരക്ഷിതമായ നിക്ഷേപമാർഗങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതാണ് ഈ ഉയർച്ചയ്ക്ക് കാരണമായത്. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഉപാധിയാണ് REIT എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ. വലിയ തുക മുടക്കി ഭൂമി വാങ്ങിക്കുന്ന തലവേദനകൾ ഒഴിവാക്കിക്കൊണ്ട് ചെറിയ നിക്ഷേപകർക്കുപോലും റിയൽ എസ്റ്റേറ്റ് മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുന്ന, ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉപാധികളാണ് REIT കൾ. നിലവിൽ ഇന്ത്യയിൽ 3 REIT കൾ ഉള്ളത്. Embassy Office Parks REIT, Mindspace Business Parks REIT, Brookfield India Real Estate Trust എന്നിവയാണ് അവ. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് നടത്തുന്ന കമ്പനികൾ നയിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്മെന്റ് ട്രസ്റ്റുകളും നിക്ഷേപ അവസരം ഒരുക്കുന്നുണ്ട്. അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമാക്കിയുള്ള പ്രൊജക്റ്റുകളിൽ ഈ പണം വിനിയോഗിക്കപ്പെടുകയും അതിന്റെ ലാഭവിഹിതം നിക്ഷേപകർക്ക് ലഭിക്കുകയും ചെയ്യുന്നു. 

കോട്ടക് ഇൻവെസ്റ്മെന്റ് അഡ്വൈസേഴ്സ് പുറത്തിറക്കിയിട്ടുള്ള ഗ്ലോബൽ റിയൽ എസ്റ്റേറ്റ് അധിഷ്ഠിതമായ 'കോട്ടക് റിയൽറ്റി ഫണ്ട്' മറ്റൊരു ഉപാധിയാണ്.സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള എളുപ്പമാർഗമാണ് ഗോൾഡ് ഇ ടി എഫുകൾ. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ വളരെ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും എന്ന് മാത്രമല്ല ഡീമാറ്റ് അക്കൗണ്ടിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കപ്പെടുന്നതിനാൽ തികച്ചും സുരക്ഷിതവുമാണ്. കമ്മോഡിറ്റി മാർക്കറ്റിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ ഫ്യുച്ചേഴ്‌സ് ട്രേഡ് ചെയ്യുന്നതിനുള്ള അവസരവും ലഭ്യമാണ്. നിപ്പോൺ ഇന്ത്യ ഗോൾഡ് ബീസ്, HDFC ഗോൾഡ് ETF എന്നിവ ഗോൾഡ് ഇ ടി എഫുകൾക്കു ഉദാഹരണങ്ങളാണ്.ഇവയിൽ ഏതെങ്കിലും ഒരു ആസ്തി മാത്രം നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് പലപ്പോഴും ബുദ്ധിമോശമായിരിക്കും. എല്ലാ ആസ്തികളും എല്ലാം സമയത്തും ഒരേ ദിശയിൽ ആയിരിക്കില്ല ചലിക്കുന്നത്. 

ഉദാഹരണമായി, ഓഹരിവിപണിയും സ്വർണ്ണവും തമ്മിലുള്ള ബന്ധം കണക്കിലെടുത്താൽ ഓഹരിവിപണി കുതിക്കുമ്പോൾ സ്വർണ്ണം ഇടിവിനെ നേരിടുന്നത് കാണാം. വിപണി ഇടിയുമ്പോൾ ഇത് മറിച്ചും സംഭവിക്കുന്നു. ഇവ രണ്ടിലും കൃത്യസമയത്തു നിക്ഷേപം നടത്തിയിട്ടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം നഷ്ടസാധ്യത കുറയ്ക്കാൻ സാധിക്കുന്നു. സ്വർണ്ണം, വെള്ളി പോലുള്ള ലോഹങ്ങളിൽ നിക്ഷേപിക്കുവാൻ അവയുടെ വിലയിൽ ചാക്രികമായ ഇടിവുകൾ ഉണ്ടാകുന്ന സമയമാണ് തിരഞ്ഞെടുക്കേണ്ടത്. ഓഹരികൾ വാങ്ങുന്നതുപോലെ തുടർച്ചയായി വാങ്ങിക്കൊണ്ടിരിക്കുക എന്നത് പലപ്പോഴും ഫലപ്രദമാകണമെന്നില്ല.2021ന്റെ ആദ്യ-ത്രൈമാസത്തിൽ പൂനെ, മുംബൈ മുതലായ മെട്രോ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു ഉണർവ് ദൃശ്യമായിട്ടുണ്ട്. ഗവൺമെന്റ് കൊണ്ടുവന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ആണ് ഇതിനു കാരണമായത്. കോവിഡ് നിയന്ത്രണങ്ങൾ വീട്ടിൽ ഇരുന്നു വർക്ക് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചപ്പോൾ വാടക അധിഷ്ഠിതമായ റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം 10 മുതൽ 15 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. 

ചെന്നൈ, കൊൽക്കത്ത നഗരങ്ങളിലെ ഹൗസിംഗ് യൂണിറ്റുകളുടെ വില്പന കോവിഡിന് മുൻപുണ്ടായിരുന്ന ലെവലിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. തുടർച്ചയായി വർധിച്ചുവരുന്ന നഗരവൽക്കരണവും കുടുംബങ്ങളുടെ വർധിച്ച വരുമാനവും ജനസംഖ്യ വർധനവും ഒത്തുചേരുമ്പോൾ ദീർഘ കാല ഡിമാൻഡ് ഉയരാനുള്ള സാധ്യതയാണുള്ളത്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള വിലവർദ്ധനവ് രേഖപ്പെടുത്തുന്ന പത്ത് ഹൗസിംഗ് മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നുള്ള വരുമാനം കുറയുകയും, കമർഷ്യൽ പ്രൊപ്പർട്ടികളിലെ വാടക വരുമാനനിരക്കു (rental yield) ഉയരുകയും ചെയ്തതോടെ ആളുകൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട്. മുംബൈ പോലുള്ള നഗരങ്ങളിലെ റെന്റൽ യീൽഡ് ഒന്നര മുതൽ രണ്ടു ശതമാനം ആയിരുന്നത് മൂന്നു മുതൽ നാല് ശതമാനം നിരക്കിലേക്കു ഉയർന്നിട്ടുണ്ട്. ബാങ്കിലെ പലിശനിരക്കാകട്ടെ എട്ടു ശതമാനത്തിനു മുകളിൽ നിന്ന് അഞ്ചു ശതമാനത്തിനടുത്തേക്കു ഇടിയുകയും ചെയ്തു.റിസർവ് ബാങ്ക് റീപോ റേറ്റ് മാറ്റമില്ലാതെ നിലനിർത്തിയതും ബാങ്കുകൾ ഭവനവായ്പകളുടെ പലിശനിരക്കിൽ ഇളവുകൾ കൊണ്ടുവന്നതും ശുഭകരമായ സൂചനകളാണ്.

അഫൊർഡബിൾ ഹോം വാങ്ങുന്നവർക്കുള്ള ഒന്നര ലക്ഷം രൂപ വരെയുള്ള ടാക്സ് ഇളവുകൾ ഗവണ്മെന്റ് 2022 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയുടെ എൺപത് ശതമാനവും റെസിഡൻഷ്യൽ സെഗ്മെന്റ് ആണ്. 2030 -ഓടുകൂടി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല ഒരു ട്രില്യൺ യു എസ് ഡോളറിന്റെ മാർക്കറ്റായി വളരുമെന്നാണ് കരുതപ്പെടുന്നത്. പലിശനിരക്കുകൾ കുറഞ്ഞു നിൽക്കുന്നതും കോവിഡിന്റെ രണ്ടാം വരവ് ഭീതി ഉയർത്തുന്നതും കാരണം നിക്ഷേപകർ കൂടുതലായി സുരക്ഷിത ആസ്തികളിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നത് സ്വർണ്ണത്തിനും വെള്ളിക്കും ഗുണകരമാണ്.