ചന്ദ്രകാന്ത് സമ്പത്ത് : ഇന്ത്യയിലെ ആദ്യ വാല്യൂ ഇൻവെസ്റ്റർ.

ആദ്യ വാല്യൂ ഇൻവെസ്റ്റർ.

നിക്ഷേപമേഖലയിലെ കർശനമായ അച്ചടക്കവും ദൃഢനിശ്ചയവും കാരണം ഇന്ത്യയിലെ വാറൻ ബഫറ്റ് എന്ന് വിളിക്കപ്പെടുന്ന നിക്ഷേപകനാണ് ചന്ദ്രകാന്ത് സമ്പത്ത്. 1955ൽ ഇരുപത്താറാം വയസിലാണ് അദ്ദേഹം നിക്ഷേപം ആരംഭിക്കുന്നത്. ഇന്ത്യയിൽ മൂല്യാധിഷ്ഠിത നിക്ഷേപത്തിന്റെ തുടക്കക്കാരനായിരുന്നു അദ്ദേഹം. പ്രശസ്ത നിക്ഷേപകനായ രമേഷ് ദമാനിയുടെ അഭിപ്രായത്തിൽ നിക്ഷേപങ്ങളിൽ കോമ്പൗണ്ടിംഗ് ഉണ്ടാക്കുന്ന ശക്തമായ സ്വാധീനം മനസിലാക്കിയ ആദ്യകാല നിക്ഷേപകരിൽ ഒരാളാണ് ചന്ദ്രകാന്ത് സമ്പത്ത്. അവന്യു സൂപ്പർ മാർട്ട് സ്ഥാപകനായ രാധാകൃഷ്ണ ദമാനിയും അദ്ദേഹത്തിന്റെ നിക്ഷേപ ശൈലിയെ ഏറെ ആദ്ധരിച്ചിരുന്നു.

മികവുറ്റ കമ്പനികളെ കണ്ടെത്തി ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുകയും,അവയുടെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ചു കോമ്പൗണ്ടിംഗ് വഴി തന്റെ നിക്ഷേപമൂലധനം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ സ്ട്രാറ്റജി. ദീർഘകാലത്തിൽ സുസ്ഥിര വളർച്ചാനിരക്ക് നിലനിർത്താൻ കഴിവുള്ള കമ്പനികളെയാണ് അദ്ദേഹം തിരഞ്ഞെടുക്കുക. മൾട്ടി നാഷണൽ കമ്പനികൾ ഇന്ത്യയിൽ വ്യാപകമായി ജനശ്രദ്ധ നേടുന്നതിനു മുൻപ് തന്നെ അദ്ദേഹം പോർട്ഫോളിയോയിൽ ഉൾപ്പെടുത്തിയിരുന്നു. നിക്ഷേപം നടത്തുന്ന ഓഹരികൾ പതിറ്റാണ്ടുകളോളം ഹോൾഡ് ചെയ്യുന്നതിനുള്ള ക്ഷമയും ശേഷിയും അദ്ദേഹത്തെ മികച്ച സമ്പത്തു കെട്ടിപ്പടുക്കുന്നതിന് സഹായിച്ചു. ഒരു സമയത്തു പത്തിൽ താഴെ ഓഹരികൾ മാത്രമേ തന്റെ പോർട്ഫോളിയോയിൽ ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. നൂറോളം ഓഹരികൾ വാങ്ങിക്കൂട്ടുകയും, അവസാനം ഒരു കമ്പനിയെപ്പോലും വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന പല നിക്ഷേപകർക്കും ഇദ്ദേഹത്തിന്റെ സ്ട്രാറ്റജി ഒരു പാഠമാകേണ്ടതാണ്.

ഓരോ നിക്ഷേപകരും തങ്ങൾക്കു വ്യക്തമായി മനസിലാക്കാൻ കഴിയുന്ന മേഖലകളിലും കമ്പനികളിലും മാത്രമേ നിക്ഷേപം നടത്താവൂ എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പ്രസ്തുത കമ്പനികൾ കടബാധ്യത ഇല്ലാത്തവയോ, ലാഭക്ഷമതയെ ബാധിക്കാത്ത വിധം വളരെക്കുറഞ്ഞ അളവിലുള്ള കടം മാത്രം ഉള്ളവയോ ആയിരിക്കണം. ഓഹരിവിപണിയിലൂടെ മികച്ച സമ്പത്തു സൃഷ്ടിച്ച നിക്ഷേപകരെല്ലാം പിന്തുടരുന്ന രീതിയാണ് അമിത കടബാധ്യത ഉള്ള കമ്പനികളെ ഒഴിവാക്കുക എന്നത്. നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഓഹരിയുടെ പി/ഇ അനുപാതം പതിന്നാലോ അതിൽ താഴെയോ ആയിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ന്യായമായ വാല്യൂവേഷനിൽ ട്രേഡ് ചെയ്യപ്പെടുന്ന ഓഹരികളാണ് ഈ ഒരു പി/ഇ അനുപാതത്തിൽ ലഭ്യമാവുക. 

ബുൾ മാർക്കറ്റിൽ ചില ഓഹരികളുടെ പി/ഇ അനുപാതം മൂന്നക്ക നിലവാരത്തിലേക്ക് കടക്കാറുണ്ട്. അതിനെ തുടർന്ന് വിപണി വലിയ തോതിൽ ഇടിയുമ്പോൾ വൻ നഷ്ടം ഉണ്ടായി മൂലധനം വര്ഷങ്ങളോളം തിരിച്ചു പിടിക്കാനാവാതെ വരുന്നത് ഒഴിവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.സാധാരണ വിപണി സാഹചര്യങ്ങളിൽ പോലും വലിയ ചാഞ്ചാട്ടം ഉള്ളവ ഒഴിവാക്കി നഷ്ടസാധ്യത ലഘൂകരിക്കുന്നതിനായിരുന്നു പ്രാമുഖ്യം നൽകിയിരുന്നത്. തുടർച്ചയായി മൂന്നരയോ, നാലോ ശതമാനം ലാഭവിഹിതം നൽകുന്ന കമ്പനികളെ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ നല്ലതാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. മൂലധനചിലവ് (capital expenditure) കുറവുള്ള കമ്പനികളെ തിരഞ്ഞെടുക്കുകയായിരുന്നു മറ്റൊരു മാനദണ്ഡം. വലിയ മൂലധന ചെലവുകൾ മൂലം റിസ്ക് അമിതമായി വർധിപ്പിക്കാത്തതും ന്യായമായ വരുമാനം സൃഷ്ടിക്കുന്നതുമായ കമ്പനികളിൽ നിക്ഷേപിക്കണം. 

ഇൻഫ്രാസ്ട്രക്ച്ചർ, ഊർജോല്പാദനം പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം തുടർച്ചയായി ഭീമമായ മൂലധന നിക്ഷേപം ആവശ്യമായി വരാറുണ്ട് . ഇതിനു മുടക്കം വന്നാൽ ചിലപ്പോൾ അവയ്ക്കു ദീർഘകാലത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ വരാം. റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്‌ഡ്‌ സ്ഥിരമായി ഉയർന്നു നിൽക്കുന്ന കമ്പനികൾ മാത്രമേ തിരഞ്ഞെടുക്കാവൂ.തുടർച്ചയായി ലാഭവിഹിതം നല്കുന്നവയെ അദ്ദേഹം ഇഷ്ടപ്പെട്ടു. പത്തിൽ താഴെ കമ്പനികളിൽ ദീർഘകാല നിക്ഷേപം നടത്തി സമ്പത്തിനെ വളരാൻ വേണ്ടി മാറ്റി വെയ്ക്കണമെന്നാണ് അദ്ദേഹം പറയുന്നത്. തങ്ങൾ ചുറ്റുമുള്ള മറ്റു നിക്ഷേപകരേക്കാൾ കഴിവുറ്റവരാണ് എന്ന അമിത ആത്മവിശ്വാസം പൂലർത്തരുത്. പൂർണ്ണ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കമ്പനികളിൽ നിക്ഷേപം നടത്തരുത്.കമ്പനിയുടെ മാനേജ്മെന്റിന്റെ പ്രവർത്തന മികവ് വലിയ പ്രാധാന്യത്തോടെയാണ് അദ്ദേഹം വീക്ഷിക്കുന്നത്. 

നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഓഹരിയുടെ വില അതിന്റെ അന്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് നാല്പതു ശതമാനം എങ്കിലും താഴ്ന്ന നിലയിൽ എത്തുമ്പോൾ അദ്ദേഹം വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു. മൂവ്മെന്റ് മാത്രം പിന്തുടർന്ന് ഒരിക്കലും ഓഹരിയുടെ ഏറ്റവും ഉയർന്ന വിലനിലവാരത്തിൽ നിക്ഷേപം നടത്തരുത്. ഓഹരികളിൽ കറക്ഷൻ ഉണ്ടായി വില ന്യായമായ നിലവാരത്തിലേക്ക് താഴ്ന്നു വരുമ്പോൾ മാത്രം നിക്ഷേപിക്കണം. ബിസിനസ്സ് രീതികൾ വിദ്യാഭ്യാസം കുറഞ്ഞ ഒരു വ്യക്തിക്കുപോലും വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നവയായിരിക്കണം . ഫണ്ടമെന്റൽ ഘടകങ്ങൾ വിശകലനം ചെയ്യാതെ നിക്ഷേപം നടത്തരുതെന്നു അദ്ദേഹം ഓർമിപ്പിച്ചു. ഒരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ്, ആ കമ്പനിയുടെ ഉത്പന്നങ്ങൾ എന്താണെന്ന ധാരണ വേണം. 

മാറുന്ന കാലത്തിനു അനുസൃതമായ വിധത്തിൽ സാധന-സേവനങ്ങൾ കൊണ്ടുവരുന്ന കമ്പനികൾക്ക് മാത്രമേ ദീർഘകാല വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളൂ. പ്രശസ്ത മാനേജ്‍മെന്റ് വിദഗ്‌ധനായ പീറ്റർ എഫ് ഡ്രക്കറിന്റെ ബിസിനസ്സ് തത്വങ്ങൾ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞ പോലെ നൂതനമായ ആശയങ്ങൾ നടപ്പാക്കാത്ത കമ്പനികൾ ഭാവിസാധ്യതകൾ നശിപ്പിക്കുകയാണ് എന്ന് ചന്ദ്ര കാന്ത സമ്പത്ത് വിശ്വസിച്ചു. വലിയ നഷ്ടസാധ്യതയുള്ള മൂലധന വിനിയോഗം മൂലം അമിതമായ അനിശ്ചിത്വം ഉണ്ടാകാൻ ഇടയുള്ളവ അദ്ദേഹം ഒഴിവാക്കി. സ്വന്തം സ്ട്രാറ്റജി ഓരോ നിക്ഷേപകനും ഉണ്ടാവണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. 

മുൻകൂട്ടി തീരുമാനിച്ച നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത ഓഹരികൾ പോർട്ഫോളിയോയിൽ നിന്ന് നീക്കം ചെയ്യുന്നതിൽ മടി കാണിക്കേണ്ടതില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ, ഗില്ലെറ്റ്, കോൾഗേറ്റ് മുതലായ ഓഹരികൾ അദ്ദേഹത്തിന് പലമടങ്ങു റിട്ടേൺ നൽകിയവയാണ്. ഈ കമ്പനികളിൽ ഒക്കെയും അദ്ദേഹം ദീർഘകാലം നിക്ഷേപം തുടർന്നിരുന്നു. ലാഭവിഹിതവും ബോണസ് ഓഹരികളൂം വഴി ഉണ്ടാകുന്ന നേട്ടങ്ങളും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. 2015 ന്റെ തുടക്കത്തിൽ ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും, അദ്ദേഹത്തിന്റെ നിക്ഷേപ ആശയങ്ങൾ ഇന്നും പ്രചോദനമായി നില കൊള്ളുന്നു.

Categories: : Value investing