Portfolio
അനേകം ഓഹരി നിക്ഷേപകർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് മാർക്കറ്റിൽ ചെറിയ ഇടിവുകൾ ഉണ്ടാകുമ്പോൾത്തന്നെ, തങ്ങളുടെ മൊത്തം നിക്ഷേപം വലിയ നഷ്ടത്തിലേക്കു പോകുന്ന രീതി. ചിലപ്പോൾ അത് തിരിച്ചു കയറാൻ കഴിയാതെ പോകുകയും ചെയ്യാം.ഏതെങ്കിലും ഒരു ഇൻഡസ്ട്രിയിൽ ശക്തമായ ഇടിവ് സംഭവിക്കുമ്പോൾ നിക്ഷേപിച്ച പണം വലിയ തോതിൽ നഷ്ടപ്പെട്ടേക്കാം. കൃത്യമായ ഒരു പോർട്ഫോളിയോ ആസൂത്രണം നടത്തിക്കൊണ്ട്, കാലികമായ മാറ്റങ്ങൾ നടത്തുകയാണ് ഇതിനു പ്രതിവിധി.എന്താണ് ഒരു പോർട്ഫോളിയോ?
ഒരു പോർട്ഫോളിയോ എന്നത് നിക്ഷേപത്തിനായി തിരഞ്ഞെടുത്ത വിവിധ ആസ്തി വകകളുടെ ഒരു സമന്വയം ആണ്. വിവിധ സെക്ടറുകളിലുള്ള ഓഹരികളിലായി നിക്ഷേപം വൈവിധ്യവൽക്കരിച്ചുകൊണ്ടു നഷ്ടസാധ്യത കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഓരോ കാലഘട്ടത്തിലും ലാഭം നേടാനുള്ള അവസരങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. വോളിയം ഉള്ള ഓഹരികൾ തിരഞ്ഞെടുത്തുകൊണ്ട് നിക്ഷേപത്തിന് ആവശ്യത്തിന് ലിക്വിഡിറ്റി ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്.വിവിധ നിക്ഷേപകരുടെ നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള പ്രാപ്തിയും, ലാഭപ്രതീക്ഷയും, അവ നേടിയെടുക്കേണ്ട കാലയളവും വ്യത്യസ്തമായിരിക്കും. ഈ കാര്യങ്ങൾ വിശകലനം ചെയ്തിട്ടാണ് പോർട്ഫോളിയോ തയ്യാറാക്കേണ്ടത്. ഉദാഹരണത്തിന്, റിട്ടയർമെന്റ് കഴിഞ്ഞ, വലിയ നഷ്ടസാധ്യത താങ്ങാൻ കഴിയാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ചാഞ്ചാട്ടം കുറഞ്ഞ സ്ഥിരതയാർന്ന റിട്ടേൺ നൽകുന്ന ഒരു പോർട്ഫോളിയോ ആയിരിക്കും അനുയോജ്യം. അതേസമയം, 20 വർഷത്തിനു ശേഷം റിട്ടയർ ആകേണ്ട ആവശ്യത്തിനായി ധനം സമാഹരിക്കുന്നതിനായി നിക്ഷേപിക്കുന്ന ഒരു വ്യക്തി ലക്ഷ്യമിടുന്നത് ദീർഘകാല ലാഭം നേടുക എന്നതാണ്. ഹൃസ്വകാല ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ദീർഘ കാല പോർഫോളിയോ ഓവർ ട്രേഡിങ്ങിന് വിധേയമാക്കുന്നത് പലപ്പോഴും ദോഷമാകും ഉണ്ടാക്കുന്നത്.പോർട്ഫോളിയോ രൂപപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ
------------------------------------------------മൂന്നു കാര്യങ്ങളാണ് പോർട്ഫോളിയോ നിർമ്മിക്കുമ്പോൾ പ്രധാനമായി പരിഗണിക്കേണ്ടത്.നഷ്ടസാധ്യത, ലാഭസാധ്യത, ലിക്വിഡിറ്റി എന്നിവയാണ് അവ.ആദ്യമായി എത്ര തുകയാണ് നിങ്ങൾക്കു ഓഹരി നിക്ഷേപത്തിലൂടെ ദീർഘ കാലത്തിൽ സമാഹരിക്കേണ്ടത്, എത്ര കാലയളവിനുള്ളിൽ ആണ് അത് നേടിയെടുക്കേണ്ടത് എന്ന് നിശ്ചയിക്കേണ്ടതുണ്ട്.അതിനുശേഷം നിങ്ങൾക്ക് താങ്ങാൻ കഴിയുന്ന നഷ്ടസാധ്യത എത്രത്തോളം എന്നു വിലയിരുത്തുക.അതിന് അനുസൃതമായി വേണം ബോണ്ടുകൾ, സ്വർണ്ണം, വസ്തുവകകൾ, ഓഹരികൾ എന്നിവയിൽ നിക്ഷേപത്തിന്റെ എത്ര ഭാഗം വീതം നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത്. ഇതാണ് അസറ്റ് അലോക്കേഷൻ എന്ന് അറിയപ്പെടുന്നത്. ഒരു പോർട്ഫോളിയോയുടെ വിജയം തീരുമാനിക്കുന്നതിൽ അസറ്റ് അലോക്കേഷൻ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. പോർട്ഫോളിയോ മാനേജ്‌മെന്റ്
---------------------------------------------------------- നിക്ഷേപം നടത്തിയത് കൊണ്ട് മാത്രം മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയില്ല. പോർട്ഫോളിയോ ഏറ്റവും കാര്യക്ഷമമായ രീതിയിൽ മാനേജ് ചെയ്യേണ്ടതുണ്ട്. മാർക്കറ്റിന്റെ ചലനങ്ങളെ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഉദാഹരണമായി, ഏതെങ്കിലും ഓഹരികൾ വളരെ ഉയർന്ന നിലയിൽ ട്രേഡ് ചെയ്യുന്ന സമയത്തു അവയിലെ ലാഭം ബുക്ക് ചെയ്ത് ന്യായമായ വാല്യൂവേഷനിൽ ട്രേഡ് ചെയ്യപ്പെടുന്ന ഓഹരികളിൽ നിക്ഷേപം നടത്താം.ബിസിനസ് രംഗത്തെ സാധ്യതകൾ മാറുന്നതിനു അനുസരിച്ചു പോർട്ഫോളിയോയിലെ വിവിധ സെക്ടറുകളുടെ വെയ്റ്റേജ് ക്രമീകരിക്കുന്ന പ്രക്രിയ പോർട്ഫോളിയോ റീ-ബാലൻസിംഗ് എന്ന് അറിയപ്പെടുന്നു.ഭാവിയിൽ നല്ല രീതിയിൽ നേട്ടം നൽകുമെന്ന് വിലയിരുത്തപ്പെട്ട കമ്പനികളിൽ, വില കുറഞ്ഞു നിൽക്കുമ്പോൾ നിക്ഷേപം നടത്താൻ കഴിയണം. പോർട്ഫോളിയോയിലേക്കു കൂടുതൽ മൂലധനം കൊണ്ടുവരുമ്പോഴും, നികുതി ആസൂത്രണത്തിനായും റീ-ബാലൻസിംഗ് ചെയ്യേണ്ടതായി വന്നേക്കാം. മാത്രമല്ല, നിക്ഷേപകന്റെ നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള കഴിവിലോ സാമ്പത്തിക ലക്‌ഷ്യം നേടേണ്ട കാലയളവിലോ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും റീ-ബാലൻസിംഗ് ആവശ്യമായി വരുന്നതാണ്.പോർഫോളിയോ മാനേജ്‌മെന്റ് ചെയ്യുന്നവർ പ്രാധാന്യം നൽകുന്ന ചില രേഷ്യോസ് ഉണ്ട്. സ്റ്റാൻഡേർഡ് ഡീവിയേഷൻ ആണ് ഇതിൽ ആദ്യത്തേത്. ഒരു പോർട്ഫോളിയോയുടെ ചാഞ്ചാട്ടം എത്രത്തോളമുണ്ട് എന്ന് വിലയിരുത്തുന്നതിനുള്ള സൂചകമാണ് ഇത്. ശരാശരി റിട്ടേണിൽ എന്തുമാത്രം വ്യതിയാനം സാധാരണഗതിയിൽ ഉണ്ടാകാറുണ്ട് എന്ന് വിലയിരുത്തുന്നു. ഇത് അറിയുന്നതുവഴി പൂർവ്വകാലത്തു ഈ പോർട്ഫോളിയോ നൽകിയ ലാഭത്തിന്റെ ഏറ്റക്കുറച്ചിൽ എത്രത്തോളമുണ്ടെന്നു മനസിലാക്കാനാവും.ഉയർന്ന സ്റ്റാൻഡേർഡ് ഡീവിയേഷൻ ലാഭ-നഷ്ട സാധ്യതയിൽ ഉണ്ടാകാൻ ഇടയുള്ള ഏറ്റക്കുറച്ചിലുകളെ സൂചിപ്പിക്കുന്നു. സെക്റ്ററൽ ഫണ്ടുകളും സ്‌മോൾ ക്യാപ് ഓഹരികളും പൊതുവെ സ്റ്റാൻഡേർഡ് ഡീവിയേഷൻ ഉയർന്ന ഗണത്തിൽ പെടുന്നു. ഇവയുടെ ലാഭ -നഷ്ടസാധ്യത ഹൃസ്വ കാലത്ത് മാറി മറിഞ്ഞേക്കാം. കുറഞ്ഞ സ്റ്റാൻഡേർഡ് ഡീവിയേഷൻ ആകുമ്പോൾ ലാഭ-നഷ്ട സാധ്യതയിൽ ഏറ്റക്കുറച്ചിലുകൾ കുറവായിരിക്കും. ചെറിയ റിസ്ക് മാത്രം എടുക്കുന്നവർ പോർഫോളിയോ സ്റ്റാൻഡേർഡ് ഡീവിയേഷൻ ഒത്തിരി കൂടാതെ നോക്കണം. നിക്ഷേപത്തിനു വലിയ വോളിട്ടിലിറ്റി ആഗ്രഹിക്കാത്തവർ സ്റ്റാൻഡേർഡ് ഡീവിയേഷൻ നോക്കുന്നതിനൊപ്പം ബീറ്റ കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. മാർക്കറ്റ് സൂചികയുടെ ചലനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു നിശ്ചിത ഓഹരിയുടെ/ പോർട്ഫോളിയോയുടെ റിട്ടേണിൽ ഉണ്ടാകുന്ന വ്യതിയാനം അളക്കാൻ ഉപയോഗിക്കുന്ന സൂചകമാണ് ഇത്. ഒരു ഓഹരിയുടെ ബീറ്റാ ഒന്നിൽ കൂടുതൽ ആണെങ്കിൽ ആ ഓഹരിയുടെ ചാഞ്ചാട്ടം മൊത്തത്തിലുള്ള മാർക്കറ്റിന്റെ ചാഞ്ചാട്ടത്തേക്കാൾ കൂടുതൽ ആയിരിക്കും. ഉയർന്ന ബീറ്റ ഉള്ള ഓഹരികൾ മാർക്കറ്റ് സൂചിക ബുള്ളിഷ് ആയിരിക്കുമ്പോൾ അതിശക്തമായി കുതിക്കുകയും മാർക്കറ്റ് ഇടിയുമ്പോൾ അതിനേക്കാൾ വേഗത്തിൽ ഇടിയുകയും ചെയ്യും. ബീറ്റാ ഒന്നിൽ താഴെ ആണെങ്കിൽ ആ ഓഹരിയുടെ ചാഞ്ചാട്ടത്തിന്റെ തോത് നിഫ്റ്റിയുടെയോ സെൻസെക്സിന്റെയോ ചാഞ്ചാട്ടത്തിന്റെ തോതിനെക്കാൾ കുറവാണെന്നു മനസിലാക്കാം.മാർക്കറ്റ് ബുള്ളിഷ് ആകുമ്പോൾ ഉയർന്ന ബീറ്റ ഉള്ള ഓഹരികളിൽ നിക്ഷേപിക്കുകയും മാർക്കറ്റ് അനിശ്ചിതത്വം ഉള്ളപ്പോൾ ബീറ്റ കുറഞ്ഞ ഓഹരികളിൽ നിക്ഷേപിക്കുകയും ചെയ്തുകൊണ്ട് പോർട്ഫോളിയോ റീ- ബാലൻസിങ്ങ് ചെയ്യാം. വ്യത്യസ്തമായ ബീറ്റയും സ്റ്റാൻഡേർഡ് ഡീവിയേഷനും ഉള്ള ഓഹരികൾ ഉൾക്കൊള്ളിക്കുന്നതാണ് റിസ്ക് അഡ്ജസ്റ്റഡ് റിട്ടേൺ നേടാൻ ചെയ്യേണ്ടത്.മറ്റൊന്ന്, കോറിലേഷനും അത് അടിസ്ഥാനമാക്കിയുള്ള വൈവിധ്യവൽക്കരണവും ആണ്. വ്യത്യസ്ത ആസ്തികൾ/ സെക്ടറുകൾ/ ഓഹരികൾ നൽകുന്ന റിട്ടേൺ പോസിറ്റീവായോ നെഗറ്റീവായോ പരസ്പരം ബന്ധപ്പെട്ടിരിക്കും. അതായത് ഒരു പോർട്ഫോളിയോയിലെ 2 ആസ്തികൾ ഒരേ ദിശയിൽ തന്നെ ചലിക്കുന്നു എങ്കിൽ അവ തമ്മിൽ ഒരു പോസിറ്റീവ് കോറിലേഷൻ ആണുള്ളത് എന്ന് പറയാം. അതായത് ഒരു ഓഹരിയുടെ വില കൂടുമ്പോൾ മറ്റൊന്നിന്റെ വിലയും ഒപ്പം കൂടുന്നു. ഇനി ഒരു ഓഹരിയുടെ വില കൂടുമ്പോൾ വേറൊരു ഓഹരിയുടെ വില ഇടിയുകയാണ് ചെയ്യുന്നതെങ്കിൽ അവ തമ്മിൽ ഒരു നെഗറ്റീവ് കോറിലേഷൻ ആണുള്ളത് എന്ന് പറയാം. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഓഹരികളും സ്വർണവും തമ്മിലുള്ള ബന്ധം. സാധാരണഗതിയിൽ ഓഹരിവിപണി തുടർച്ചയായി ഉയരുമ്പോൾ, സ്വർണവില ഇടിയാറുണ്ട്. വിപണി വലിയ തോതിൽ ഇടിയുമ്പോൾ സ്വർണം കയറുകയും ചെയുന്നത് നാം കാണാറുണ്ട്.എല്ലായ്‌പോഴും നെഗറ്റീവ് കോറിലേഷനിൽ ഉള്ള ആസ്തികൾ നമ്മുടെ പോർട്ഫോളിയോയിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. അത് പോർട്ഫോളിയോയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമാണ്.പോർഫോളിയോ പി/ഇ അനുപാതവും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓഹരികൾ നിക്ഷേപത്തിനായി പോർട്ഫോളിയോയിൽ ഉൾപ്പെടുത്തുന്നതിനു മുൻപായി അവയുടെ പി/ഇ അനുപാതം പരിശോധിക്കുകയും അത് ഇൻഡസ്ട്രിയുടെ ശരാശരി അനുപാതവുമായി താരതമ്യപ്പെടുത്തി ന്യായമായ നിലവാരത്തിലാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. കുറഞ്ഞ പി/ഇ അനുപാതം ആണെങ്കിൽ കൂടി ആ ഓഹരികളുടെ ബിസിനസ് വളർച്ചാനിരക്ക് കൂടി വിലയിരുത്തിയിട്ടു വേണം നിക്ഷേപം നടത്തേണ്ടത്. മികച്ച വളർച്ചാനിരക്കുള്ള എന്നാൽ ആകർഷകമായ വാല്യൂവേഷനിൽ ട്രേഡ് ചെയ്യപ്പെടുന്ന ഓഹരികൾ ആണ് നന്ന്.മുകളിൽ പ്രതിപാദിച്ച ഘടകങ്ങൾ കൃത്യമായി വിശകലനം ചെയ്തുവേണം ഒരു നല്ല നിക്ഷേപപോർട്ഫോളിയോ രൂപപ്പെടുത്തേണ്ടത്. തെറ്റായ രീതിയിലുള്ള അസറ്റ് അലോക്കേഷനും, പോർട്ഫോളിയോ നിർമ്മാണവും നടത്തിയാൽ, അത് തിരിച്ചു വരാൻ കഴിയാത്ത നഷ്ടത്തിലേക്കു നയിക്കാം. അതുകൊണ്ട്, ദീർഘ കാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർ തീർച്ചയായും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം.