വാറൻ ബഫറ്റ്

Warren Buffet and Competitive Advantage

ലോകപ്രശസ്ത നിക്ഷേപഗുരുവായ വാറൻ ബഫറ്റിന്റെ നിക്ഷേപതന്ത്രങ്ങളിൽ ഏറ്റവും പ്രധാനമാണ് ദീർഘകാലം സ്ഥിരമായി നിലനിൽക്കുന്ന മത്സരക്ഷമതാമികവ് ഉള്ള കമ്പനികൾ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുക്കുക എന്നത്. ശക്തമായ മത്സരക്ഷമതയാൽ (Moat) സുരക്ഷിതമാക്കപ്പെട്ട ബിസിനസുകൾ എന്നാണ് അദ്ദേഹം പറയുക. വിപണിയിലുള്ള മറ്റു കമ്പനികൾക്ക് നല്കാൻ ആവാത്തവിധം അതുല്യമായ ബ്രാൻഡഡ് ഉത്പന്നങ്ങൾ പുറത്തിറക്കുകയോ സേവനങ്ങൾ നൽകുകയോ ചെയ്യുന്ന കമ്പനികളെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഇത്തരം കമ്പനികൾ തുടർച്ചയായി മികച്ച ലാഭം നേടുന്നവയും നിക്ഷേപകർക്ക് നല്ല നേട്ടം ഉറപ്പുവരുത്തുന്നവയുമായിരിക്കും.

വാറൻ ബഫറ്റിന്റെ ഏതാനും നിക്ഷേപങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിൽ സ്ട്രാറ്റജി കൃത്യമായി മനസിലാക്കാവാനും. അദ്ദേഹം നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ആപ്പിൾ. ആപ്പിൾ പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റി നമുക്കെല്ലാം അറിയാവുന്നതാണ്. നാളെയുടെ സാങ്കേതിക വിദ്യയെ ഇന്നുതന്നെ തങ്ങളുടെ ഉത്പന്നങ്ങളിൽ അവർ ഉൾക്കൊള്ളിക്കുന്നു. ആപ്പിൾ ഉത്പന്നങ്ങൾ സ്റ്റാറ്റസ് സിംബൽ ആയി ഉപഭാക്താക്കൾ കാണുന്നതിനാൽ എത്രത്തോളം വില വർധിപ്പിച്ചാലും അവ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ തയ്യാറാകുന്നു. ലോകമെമ്പാടുമുള്ള വിപണസൗകര്യവും ആപ്പിളിന്റെ പ്രത്യേകതയാണ്. ഇവയെല്ലാം ആപ്പിളിന്റെ മത്സരക്ഷമത ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ്. ബഫറ്റിന്റെ നിക്ഷേപശേഖരത്തിൽ ഉള്ള മറ്റൊരു പ്രധാന കമ്പനിയാണ് കൊക്ക-കോള. ലോകത്തെ ഏറ്റവും വലിയ ലഘുപാനീയ കമ്പനിയാണിത്. കൊക്ക-കോളയുടെ ഉത്പന്നങ്ങൾ വാങ്ങിയിട്ടില്ലാത്ത ആളുകൾ ഉണ്ടാവില്ല എന്ന് തന്നെ പറയാനാവും. ലോകമെമ്പാടുമുള്ള ഏതു വിഭാഗം ആളുകളെയും തൃപ്തിപ്പെടുത്താൻ ഉതകുന്ന ഉത്പന്നനിരയാണ് കമ്പനിക്കുള്ളത്. സാമ്പത്തിക സേവനരംഗത്തു മത്സരക്ഷമത തെളിയിച്ച അമേരിക്കൻ എക്സ്പ്രസിലും ബഫറ്റിനു നിക്ഷേപമുണ്ട്.

എങ്ങനെയാണു ഒരു കമ്പനിക്ക് മത്സരക്ഷമത ലഭിക്കുന്നത്? മത്സരക്ഷമത എന്നത് പ്രധാനമായും 3 തരത്തിലാണുള്ളത്. ഒരു പ്രത്യേക പ്രദേശത്തുള്ള അല്ലെങ്കിൽ പ്രത്യേക വിഭാഗം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു അവ തൃപ്തിപ്പെടുത്തുംവിധമുള്ള സാധന-സേവനങ്ങൾ വിപണിയിലുള്ള മറ്റു കമ്പനികളെക്കാൾ മെച്ചപ്പെട്ട വിധത്തിൽ വിപണനം നടത്തുന്നതുവഴി ഉണ്ടാകുന്ന മത്സരക്ഷമതയാണ് ആദ്യത്തേത്. പ്രധാനമായും സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് കാറുകൾ പുറത്തിറക്കുന്ന മാരുതി ഇതിനു ഉത്തമ ഉദാഹരണമാണ്. അതുകൊണ്ടുതന്നെ, കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾ കാർ വാങ്ങുന്നതിനു തീരുമാനിക്കുമ്പോൾ ആദ്യമായി നോക്കുന്നത് സാധാരണയായി മാരുതിയുടെ മോഡലുകൾ ആണെന്നത് നാം കാണുന്നതാണ്. കുറഞ്ഞ വിലയിൽ ന്യായമായ സൗകര്യങ്ങളും രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളും പതിറ്റാണ്ടുകളുടെ വിശ്വാസ്യതയും ആളുകളെ മാരുതിയിലേക്ക് ആകർഷിക്കുന്നു. മാരുതിയുടെ ഈ മത്സരക്ഷമതയെ മറികടക്കാൻ നിലവിൽ മറ്റൊരു വാഹനനിർമ്മാണ കമ്പനിക്കും അത്ര എളുപ്പത്തിൽ സാധിക്കുന്നതുമല്ല. 

രണ്ടാമത്തെ രീതിയിലുള്ള മത്സരക്ഷമത എന്നത് മറ്റു കമ്പനികളുടെ ഉത്പന്നങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന, വ്യത്യസ്തമായ ഗുണങ്ങൾ ഉള്ള സാധന-സേവനങ്ങൾ പുറത്തിറക്കുന്നത്തിലൂടെ ലഭിക്കുന്നതാണ്. റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ ഇതിനൊരു ഉദാഹരണമാണ്. പ്രസ്തുത മോട്ടോർ സൈക്കിളുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സമാനരീതിയിലുള്ള മറ്റൊരു മികച്ച വാഹനം ഇല്ല എന്ന് തന്നെ പറയേണ്ടിവരും. അതായത്, സാധാരണ ഇരുചക്രവാഹന നിർമ്മാണകമ്പനികളിൽ നിന്ന് വേറിട്ട ഒരു മത്സരക്ഷമത റോയൽ എൻഫീൽഡ് കമ്പനിക്ക് ഉണ്ട്. അത് കമ്പനിയുടെ പ്രോഡക്ട് മറ്റു കമ്പനികളുടേതിൽ നിന്ന് വ്യത്യസ്തമായി നിലകൊള്ളുന്നു എന്നതിൽ അധിഷ്ഠിതവുമാണ്. അതിനാൽത്തന്നെ, വില വർധിപ്പിച്ചാലും ഡിമാൻഡ് കുറയാനുള്ള സാധ്യത തുലോം കുറവാണ്. 

വിലയിൽ അധിഷ്ഠിതമായ മത്സരക്ഷമതയാണ് മൂന്നാമത്തേത്. അതുല്യമായ പ്രവർത്തന മികവുകൊണ്ടോ നൂതന ടെക്നോളജികൾ ഉപയോഗിക്കുന്നത് വഴിയോ ഭീമമായ അളവിലുള്ള വില്പന ലഭിക്കുന്നതുകാരണമോ ഒരു കമ്പനിക്ക് സമാനമേഖലയിലെ മറ്റു കമ്പനികൾ നൽകുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സാധന-സേവനങ്ങൾ വിപണനം നടത്താൻ സാധിക്കുന്നതുവഴി നേടാൻ സാധിക്കുന്ന മത്സരക്ഷമതയാണിത്. റിലയൻസ് പോലുള്ള സൂപ്പർ മാർക്കറ്റ് ചെയിനുകൾക്കു മറ്റു വ്യാപാരികൾ വിൽക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ ഓഫറുകളോടുകൂടി ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നത് ഇതിനു ഉദാഹരണമാണ്. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന റിലയൻസ് സൂപ്പർ മാർക്കറ്റുകളോട് മത്സരിച്ചു അതിനേക്കാൾ കുറഞ്ഞ വിലയിൽ കച്ചവടം നടത്തുക എന്നത് ഒരുപരിധിവരെ അപ്രാപ്യമാണ്. 

എന്താണ് ഇത്തരം മത്സരക്ഷമതാ മികവുള്ള കമ്പനികളുടെ പ്രത്യേകതകൾ? സമാനമേഖലയിൽ പ്രവർത്തിക്കുന്ന മറ്റു കമ്പനികൾക്ക് പെട്ടെന്ന് എത്തിപ്പിടിക്കാൻ ആവാത്തവിധമുള്ള  മികവ് ഇത്തരം കമ്പനികൾക്ക് ഉണ്ടായിരിക്കും. ഉദാഹരണത്തിന്, മാരുതിയുടെ കാര്യമെടുത്താൽ മറ്റു വാഹനക്കമ്പനികളെക്കാൾ വളരെക്കൂടുതൽ ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും രാജ്യത്തുടനീളം കമ്പനിക്കുണ്ട് എന്നത് വലിയൊരു മികവാണ്. ഉപഭോക്താക്കളുടെ മനസ്സിൽ ശക്തമായി വേരുറച്ചിട്ടുള്ള ഏതെങ്കിലും ബ്രാൻഡഡ് പ്രോഡക്റ്റുകൾ പുറത്തിറക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം ആ ബ്രാൻഡ് എന്നത് കമ്പനിയുടെ മത്സരക്ഷമതയെ ഊട്ടിയുറപ്പിക്കുന്നു. തുണികൾ നീലം മുക്കുന്നതിനുള്ള ഉൽപ്പന്നമായ 'തുള്ളിനീലം' അത് പുറത്തിറക്കുന്ന കമ്പനികളിൽ ഒന്നായ ജ്യോതി ലാബിന്റെ ബ്രാൻഡുകളിൽ ഒന്നായ  ഉജാലയുടെ പേരിൽ ആണ് ഇന്ന് അറിയപ്പെടുന്നത്. പല്ലുകൾ ശുചിയാക്കുന്നതിനുള്ള പേസ്റ്റ് എന്ന് കേൾക്കുമ്പോൾ തന്നെ കോൾഗേറ്റിന്റെ പേര് ഓർമയിൽ വരുന്നതും മറ്റൊരു ഉദാഹരണമാണ്. എന്തെങ്കിലും ഒട്ടിക്കുന്നതിനായി പശയുടെ ആവശ്യം വരുമ്പോൾ ആദ്യം ചിന്തിക്കുക ഫെവിക്കോൾ, ഫെവിക്വിക് ഇവയൊക്കെ ആണല്ലോ. ഇത് പുറത്തിറക്കുന്ന പിഡിലൈറ്റ് കമ്പനിക്ക് മത്സരക്ഷമത ഉറപ്പുവരുത്തുന്ന ബ്രാൻഡുകളാണ് ഇവയൊക്കെ.  പ്രസ്തുത ഉത്പന്നങ്ങളോ സേവനങ്ങളോ ഈ കമ്പനിയിൽ നിന്ന് മാത്രമേ ഉപഭോക്താക്കൾക്ക് ലഭിക്കുകയുള്ളൂ എന്നതിനാൽ എന്തുവില നൽകിയും അവ വാങ്ങുവാൻ അവർ തയ്യാറാകും. ഇത് കാലാകാലങ്ങളിൽ ഉത്പന്നവിലയിൽ വർധനവ് വരുത്തിക്കൊണ്ട് ലാഭക്ഷമത ഉറപ്പുവരുത്താൻ ഈ കമ്പനികളെ സഹായിക്കുന്നു. മാത്രമല്ല, ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്താൻ സാധിക്കുന്നു എന്നതുകൊണ്ടുതന്നെ ഇത്തരം കമ്പനികൾക്ക് തുടർച്ചയായ ഡിമാൻഡ് സൃഷ്ടിക്കാനും വില്പനയിൽ ഗണ്യമായ വളർച്ച കൈവരിക്കാനും സാധിക്കുന്നു. 

എങ്ങനെയാണു മത്സരക്ഷമതാമികവുള്ള കമ്പനികളെ കണ്ടെത്താൻ കഴിയുക? ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുള്ള ബ്രാൻഡുകൾ പുറത്തിറക്കുന്ന കമ്പനികളെ തിരയുക എന്നതാണ് എളുപ്പവഴി. വാറൻ ബഫറ്റിന്റെ നിക്ഷേപശേഖരം പരിശോധിച്ചാൽ ആപ്പിൾ, കൊക്ക-കോള, അമേരിക്കൻ എക്സ്പ്രസ്സ്, ജനറൽ മോട്ടോർസ് തുടങ്ങി ശക്തമായ ബ്രാൻഡ് പിന്തുണയുള്ള കമ്പനികളെയാണ് ദർശിക്കാനാവുക. ഇന്ത്യൻ സാഹചര്യം പരിശോധിച്ചാൽ മാരുതി, കോൾഗേറ്റ്, ജ്യോതി ലബോറട്ടറീസ്, ഗില്ലെറ്റ്, കാസ്ട്രോൾ  മുതലായവയൊക്കെ ഈ ഗണത്തിൽ പെടുന്നു. ശക്തമായ വിപണന ശ്രംഖലയുള്ള കമ്പനികളെ കണ്ടെത്താൻ ശ്രമിക്കാം. മാരുതി, SBI പോലുള്ള കമ്പനികൾ രാജ്യമെമ്പാടും ശക്തമായ സാന്നിധ്യം ഉള്ളവയാണ്. മറ്റുള്ള കമ്പനികൾക്ക് പകർത്താൻ ആവാത്തവിധം പേറ്റന്റ് സുരക്ഷയുള്ള ഉത്പന്നങ്ങൾ പുറത്തിറക്കുന്ന കമ്പനികളെയും പരിഗണിക്കാം. പ്രശസ്തമായ മരുന്നുകമ്പനികളുടെയും കെമിക്കൽ കമ്പനികളുടെയും ഒട്ടുമിക്ക പ്രോഡക്റ്റുകളും പേറ്റന്റ് എടുക്കപ്പെട്ടിട്ടുള്ളവ ആയിരിക്കുമെന്നതിനാൽ സമാന ഉത്പന്നം മറ്റൊരു കമ്പനിക്കു നിർമ്മിക്കാൻ കഴിയില്ല. കോപ്പിറൈറ്റ്, ട്രേഡ്മാർക്കുകൾ മുതലായവയാൽ സംരക്ഷിക്കപ്പെട്ടിലുള്ള മികച്ച ഉത്പന്നങ്ങൾ പുറത്തിറക്കുന്ന കമ്പനികൾ തിരഞ്ഞെടുക്കാം. അതുപോലെ, കമ്പനി പ്രവർത്തിക്കുന്ന വ്യവസായമേഖലയിലേക്കു പുതുതായി കടന്നുവരാൻ എത്രത്തോളം മൂലധനനിക്ഷേപവും നിയമപരമായ അനുമതികളും ആവശ്യമുണ്ട് എന്നതും നോക്കാം. പെട്രോളിയം റിഫൈനറി മേഖലയിൽ പ്രവർത്തിക്കുന്ന റിലയൻസിനോട് മത്സരിച്ചു ഒരു പുതിയ കമ്പനിക്ക് കയറിവരണമെങ്കിൽ എത്രത്തോളം പണച്ചിലവും ഗവൺമെന്റ് അനുമതികളൂം ആവശ്യമാണ് എന്ന് മാത്രം ചിന്തിച്ചാൽ ഇത് എളുപ്പത്തിൽ മനസിലാകും. ഇത്തരത്തിൽ പുതിയ കമ്പനികൾക്ക് കടന്നുവരാൻ  ഭീമമായ തടസ്സമുള്ള മേഖലകളിലെ ബിസിനസുകൾ മികച്ച മത്സരക്ഷമത ഉള്ളവ ആയിരിക്കും.

സുസ്ഥിര മത്സരക്ഷമതാ മികവുള്ള കമ്പനികൾ എങ്ങനെയാണു നിക്ഷേപകർക്ക് സമ്പത്തു സൃഷ്ടിച്ചു നൽകുന്നത്? ഇത്തരം കമ്പനികളുടെ സാധന-സേവനങ്ങൾക്കു തുടർച്ചയായ ഡിമാൻഡ് വിപണിയിൽ ഉണ്ടായിരിക്കും എന്നതിനാൽ മികച്ച വില്പന ഉറപ്പുവരുത്താൻ സാധിക്കും. മത്സരക്ഷമതാ മികവുള്ളതു കാരണം ഉത്പന്നങ്ങളുടെ വില സ്വന്തമായി നിശ്ചയിക്കുന്നതിനുള്ള സ്വാതന്ത്രം ഉള്ളതുകൊണ്ട് നല്ല ലാഭം ഉറപ്പുവരുത്താനാകും. വില വർധിപ്പിക്കുന്നത് ഉപഭോക്താക്കൾ കൊഴിഞ്ഞു പോകുന്നതിനു കാരണമാകുന്നില്ല. മാത്രമല്ല, ഇത്തരം കമ്പനികളുടെ വില്പനയും ലാഭവും പ്രവചിക്കാൻ താരതമ്യേന എളുപ്പവുമായിരിക്കും. മികച്ച നിരക്കിലുള്ളതും തുടർച്ചയായതുമായ വാർഷിക വളർച്ച നേടാൻ ഇത്തരം കമ്പനികൾക്കു സാധിക്കാറുണ്ട്. നല്ല രീതിയിൽ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതുകൊണ്ടു തന്നെ ആവശ്യത്തിന് കരുതൽ ധനം സ്വരൂപിച്ചുവെക്കാൻ ഇവർക്ക് സാധിക്കും. സമീപകാലത്തു നമ്മൾ ദർശിച്ച കോവിഡ് പകർച്ചവ്യാധി പോലുള്ള വലിയ വെല്ലുവിളികൾ വരുമ്പോൾ പോലും അവയെ അതിജീവിക്കാൻ ഈ കരുതൽ ധനം കമ്പനിയെ സഹായിക്കും. കോവിഡ് വിപണിയെ പിടിച്ചുകുലുക്കിയ സമയത്തുപോലും ഹിന്ദുസ്ഥാൻ യുണിലിവർ പോലുള്ള കമ്പനികൾ വളരെപ്പെട്ടെന്നു തിരിച്ചുവരവ് നടത്തുന്നത് നാം കണ്ടതാണ്. ഇത്തരം കമ്പനികൾ പൊതുവെ നിക്ഷേപകർക്ക് സ്ഥിരമായി നല്ല ലാഭവിഹിതം നല്കുന്നവയും ആയിരിക്കും.

കമ്പനിയുടെ ദീർഘകാല നിലനിൽപ്പിനു മികച്ച മത്സരലക്ഷമത ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഫണ്ടമെന്റൽ, ടെക്നിക്കൽ ഘടകങ്ങൾ എല്ലാം അനുകൂലമെന്ന് തോന്നിയാലും മത്സരാധിഷ്ഠിത വിപണിയിൽ ശക്തമായി മുന്നേറാൻ കെല്പുള്ള കമ്പനികൾ മാത്രമേ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവൂ. അത്തരം കമ്പനികൾ മാത്രം സൂക്ഷ്മമായി തിരഞ്ഞെടുത്തു ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തിയതുവഴിയാണ് വാറൻ ബഫാറ്റ് വലിയ സമ്പത്തു സൃഷ്ടിച്ചെടുത്തത്. ഈ രീതിയിൽ കമ്പനികളെ തിരഞ്ഞെടുത്തു നിക്ഷേപം നടത്തിക്കൊണ്ടു നമുക്കും മികച്ച ലാഭം നേടാൻ സാധിക്കുന്നതാണ്‌.