പരാഗ് പരീഖ്

വാല്യൂ ഇൻവെസ്റ്റിംഗ്

ഫണ്ടമെന്റൽ അനാലിസിസ് അടിസ്ഥാനമാക്കിയുള്ള മൂല്യാധിഷ്ഠിത നിക്ഷേപത്തെക്കുറിച്ചും, വ്യത്യസ്തമായ വിപണി സാഹചര്യങ്ങളിൽ നിക്ഷേപകർ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചും ഇന്ത്യയിൽ വിരളമായി മാത്രമേ പഠനങ്ങൾ ഉണ്ടായിട്ടുള്ളൂ. ഈ രംഗത്ത് വിജയിച്ചവരിൽ പ്രമുഖനായിരുന്നു ശ്രീ. പരാഗ് പരീഖ്.'വാല്യൂ ഇൻവെസ്റ്റിംഗ് & ബിഹേവിയറൽ ഫിനാൻസ്', 'സ്റ്റോക്ക്സ് ടു റിച്ചസ്' എന്നീ പുസ്തകങ്ങൾ എഴുതുകയും PPFAS മ്യുച്വൽ ഫണ്ട് സ്ഥാപിക്കുകയും ചെയ്ത ഇന്ത്യൻ നിക്ഷേപകനാണ് പരാഗ് പരീഖ്. 

ബെഞ്ചമിൻ ഗ്രഹാമിന്റെ പ്രശസ്തമായ 'മാർജിൻ ഓഫ് സേഫ്റ്റി'യിൽ അധിഷ്ഠിതമായ മൂല്യാധിഷ്ഠിത നിക്ഷേപം ഇന്ത്യൻ സാഹചര്യത്തിലും പ്രസക്തമാണെന്നു അദ്ദേഹം തെളിയിച്ചു. ബിസിനസ്സിന്റെ അടിസ്ഥാനഘടകങ്ങൾ വിലയിരുത്തി അതിന്റെ മൂല്യത്തിനോട് ചേർന്ന വിലയിൽ ഓഹരികൾ വാങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. കമ്പനിയുടെ ആസ്തികൾ, വരുമാനം, വളർച്ച എന്നീ 3 ഘടകങ്ങളാണ് അദ്ദേഹം പ്രധാനമായും പരിശോധിച്ചിരുന്നത്. ഒരു ഓഹരിയുടെ വില നീങ്ങുന്നത് അതിന്റെ വരുമാനത്തിൽ ഉണ്ടാകുന്ന വർധനവ് മാത്രം അടിസ്ഥാനമാക്കിയല്ല, നിക്ഷപകരുടെ പൊതുവായ പ്രതീക്ഷയ്‌ക്കൊത്തുള്ള വരുമാനവളർച്ച നേടാൻ കമ്പനിക്ക് സാധിക്കുന്നുണ്ടോയെന്നതിനെ കൂടി അടിസ്ഥാനമാക്കിയാണ് എന്നു അദ്ദേഹം കരുതി.

ശക്തമായ മത്സരക്ഷമതയുള്ളതും, മികച്ച മാനേജ്മെന്റിനാൽ നയിക്കപ്പെടുന്നതും, വില നിർണ്ണയ ശേഷി ഉള്ളതുമായ കമ്പനികളെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. ഗ്രോത്ത് സ്ട്രാറ്റജിയിൽ, ഓഹരികളുടെ അമിതവിലയെ സ്ഥിരമായ വളർച്ച ന്യായീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.എന്നാൽ, വാല്യൂവേഷൻ, വരുമാനവളർച്ച, ഡിവിഡൻഡ് തുടങ്ങിയ അടിസ്ഥാനഘടകങ്ങൾ പഠിച്ചിട്ടായിരുന്നു അദ്ദേഹം നിക്ഷേപം നടത്തിയിരുന്നത്. കുറഞ്ഞ പി.ഇ, പി. ബി അനുപാതത്തിനൊപ്പം, മികച്ച വാർഷിക വരുമാന വളർച്ച ഉള്ള കമ്പനികളെയാണ് അദ്ദേഹം തിരഞ്ഞത്. ഇങ്ങനെ ചെയ്യുന്നതുവഴി ഗ്രോത്ത് ഓഹരികളിൽ പ്രതികൂല സാഹചര്യത്തിൽ ഉണ്ടാകുന്ന വലിയ ഇടിവിൽ നിന്ന് പോർഫോളിയോ സംരക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 

നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് സ്ഥിരമായി നേട്ടം നൽകാൻ കഴിവുള്ള ലീഡർഷിപ്പ് ഉള്ള ബിസിനസുകളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സൈക്ളിക്കൽ സ്വഭാവമുള്ള സിമന്റ്, പേപ്പർ, കെമിക്കൽ, മെറ്റൽ കമ്പനികളിൽ അവയുടെ ചാക്രികമായ ചലനത്തിന്റെ ഗതി മനസിലാക്കിയും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു.അമിതമായ കടബാധ്യത ഉള്ള കമ്പനികളെ പരാഗ് പരീഖ് എല്ലായ്‌പോഴും ഒഴിവാക്കിയിരുന്നു. ഓരോ കാലയളവിലും ഓരോ വ്യവസായമേഖലകളാണ് വിപണിയെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു. കുറഞ്ഞ മൂല്യത്തിൽ ലഭ്യമാകുന്ന ഒരു കമ്പനിയിൽ , അത് വളർച്ച സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന കാരണം കൊണ്ട് മാത്രം നിക്ഷേപിക്കരുത്. പലപ്പോഴും ഒരു മേഖലയുടെ വളർച്ചയെ നയിക്കുന്നത് ആ മേഖലയിലെ നായകസ്ഥാനം വഹിക്കുന്ന കമ്പനികൾ ആയിരിക്കുമെന്നും, അവയിൽ ന്യായമായ വിലയിൽ നിക്ഷേപം നടത്താൻ സാധിക്കുന്നിടത്താണ് ഒരു നിക്ഷേപകന്റെ വിജയം എന്നും അദ്ദേഹം വിശ്വസിച്ചു.

അമിതമായ ശുഭാപ്‌തിവിശ്വാസവും, അത്യാഗ്രഹവുമാണ് ഓഹരിവിപണി കുമിള പോലെ വീർക്കുന്നതിനു കാരണമാകുന്നത്. ഓഹരികളുടെ P/E നിലവാരം അമിതമായി ഉയർന്നുനിൽക്കുന്നതും സാമ്പത്തികവളർച്ചയും ഓഹരിവിലകളും വിപരീതദിശയിൽ നീങ്ങുന്നതും നിരവധി ചെറിയ കമ്പനികൾ IPOയുമായി വിപണിയിൽ പ്രവേശിക്കുന്നതും വിപണിയിൽ ഒരു കുമിള രൂപപ്പെടുന്നതിലേക്ക് നയിക്കാം.ഇത്തരം കുമിളകൾ ഏതു നിമിഷവും പൊട്ടാം എന്നതിനാൽ, ഏറ്റവും വില ഉയർന്നവയിൽ നിക്ഷേപം നടത്തി പെട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചേ തീരൂ.

വാല്യൂവേഷൻ ആണ് ഏറ്റവും പ്രധാന ഘടകമെന്നും, ഹിസ്റ്റോറിക്കൽ വാല്യൂ നിലവാരത്തിനു മീതെ അമിതമായി ഉയരുന്ന ഓഹരികൾ ഒഴിവാക്കണമെന്നും അദ്ദേഹം കരുതി. അറിയപ്പെടാത്ത കമ്പനികൾ ബുൾ മാർക്കറ്റിൽ പെട്ടെന്ന് വില കയറി വരുമ്പോൾ അവയിൽ ആവേശപൂർവ്വം നിക്ഷേപം നടത്തരുത്. ഒരു ഓഹരിയേയും അമിതമായി സ്‌നേഹിക്കരുതെന്നും, ബിസിനസ്സ് വളർച്ച നിലയ്ക്കുമ്പോൾ വിറ്റൊഴിയേണ്ട വിലകളിൽ ഒഴിവാക്കുക തന്നെ വേണമെന്നും പരാഗ് പരീഖ് നിക്ഷേപകരെ ഓർമ്മപ്പെടുത്തിയിരുന്നു.

Categories: : Valueinvesting